Pages

Thursday, January 29, 2026

മറൈൻ ഡ്രൈവ്, കൊച്ചി

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാൻ കൊച്ചി ആദ്യമായി കണ്ടത് എന്നാണ് എൻ്റെ ഓർമ്മ. മറൈൻ ഡ്രൈവ് എന്ന് കേട്ടിരുന്നു എന്നല്ലാതെ എന്താണ് അത് എന്നോ ആ പേര് എങ്ങിനെ വന്നു എന്നോ എന്നൊന്നും ചിന്തിച്ചിരുന്നേ ഇല്ല. നാവിക സേനാ ഉദ്യോഗസ്ഥന്മാരുടെ ക്വാർട്ടേഴ്സ് എന്ന് പറയപ്പെടുന്ന രണ്ട് പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കും മറൈൻ ഡ്രൈവ് എന്ന പേര് വന്നത് എന്ന് പിന്നീടെപ്പോഴോ ഞാൻ സ്വയമങ്ങ് തീരുമാനിച്ചു. പക്ഷേ, ആരോടും ആ  വിവരം വിളമ്പാൻ പോയില്ല.

പിൽക്കാലത്ത് മത്സര പരീക്ഷ എഴുതാനും ഇൻ്റർവ്യൂവിൽ പങ്കെടുക്കാനും സഞ്ചാരിയായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. കൊച്ചിയിൽ വന്നാൽ മറൈൻ ഡ്രൈവിൽ പോവുക എന്നത് ഒരു പതിവായി. കാരണം പല രാജ്യങ്ങളുടെയും സ്റ്റാമ്പുകൾ (ഒറിജിനൽ ആയിരുന്നോ എന്നറിയില്ല) അവിടെ നിന്നും വാങ്ങാൻ കിട്ടുമായിരുന്നു. സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി അന്നും ഇന്നും കൂടെയുള്ളതിനാൽ അത് വാങ്ങിയേ ഞാൻ വീട്ടിലേക്ക് തിരിക്കാറുള്ളൂ.

കല്യാണം കഴിഞ്ഞ് കുട്ടികളായ ശേഷവും കൊച്ചി കാണാനായും ബിനാലെ കാണാനായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. പക്ഷെ,മറൈൻ ഡ്രൈവിൽ സമയം ചെലവഴിക്കാൻ അധിക സമയം കണ്ടെത്തിയിരുന്നില്ല. ഇത്തവണ ബിനാലെ കാണാൻ പോകുമ്പോൾ ആ നഷ്ടം കൂടി നികത്തണം എന്ന് മനസ്സിൽ കരുതിയിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്കായി എൻ്റെ സുഹൃത്ത് ഖൈസ് ബുക്ക് ചെയ്ത ആസ്‌ട്രോ മറൈൻ ഹോട്ടൽ, മറൈൻ ഡ്രൈവിൽ തന്നെയായിരുന്നു. റൂമിലെത്തി ഫ്രഷായ ശേഷം ഞങ്ങൾ പുറത്തിറങ്ങി.

"ആദ്യം പോയി വള്ളം കളി കണ്ടോളൂ.." ഖൈസ് പരിചയപ്പെടുത്തിത്തന്ന ഹോട്ടലിലെ സ്റ്റാഫ് നിസാർക്ക ഞങ്ങളോട് പറഞ്ഞു.

"ങാ.." താല്പര്യമില്ലെങ്കിലും ഞാൻ സമ്മതം മൂളി. 

"പല തവണ മാറ്റി വച്ച് അവസാനം ഇന്ന് രണ്ടര മണിക്കാണ് അത് തുടങ്ങുന്നത്. ഇപ്പോ സമയമെത്രയായി?" നിസാർക്ക പിന്നെയും തുടർന്നു.

"മൂന്നര മണി...." ഞാൻ പറഞ്ഞു.

"അഞ്ച് മണിക്ക് തീരും.... വേഗം പൊയ്ക്കോ..''
ഞങ്ങളെ വള്ളംകളി കാണിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച പോലെ നിസാർക്ക പറഞ്ഞു.

ബ്രോഡ് വേയിലൂടെ ചുറ്റി നടന്ന് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് നീങ്ങി.

മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1980 കളിൽ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി രൂപകല്പന ചെയ്തതാണ് മറൈൻ ഡ്രൈവ് പ്രൊജക്ട്. വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനം വരെ നീളുന്ന മൂന്ന് കിലോമീറ്റർ ദൂരമാണ് മറൈൻ ഡ്രൈവ് എന്നറിയപ്പെടുന്നത്. വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസ യാത്രയും വാട്ടർ മെട്രോയും ഫെറി സർവീസും വിവിധതരം ഭക്ഷണശാലകളും ഷോപ്പിംഗ് കോംപ്ലക്സുകളും അടയ്ക്കം മറൈൻ ഡ്രൈവ് രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ സജീവമായിരിക്കും.

Image

കായൽ തീരത്ത് കൂടിയുള്ള നടപ്പാത ഇപ്പോൾ അറിയപ്പെടുന്നത് എ.പി.ജെ അബ്ദുൽ കലാം മാർഗ്ഗ് എന്നാണ്. എ.പി.ജെയുടെ വചനങ്ങൾ വിവിധ സ്ഥലങ്ങളിൽ പലകയിൽ എഴുതിവച്ചത് കാണാം. ഈ നടപ്പാതയിൽ മൂന്ന്   പാലങ്ങളുണ്ട്. മഴവിൽ പാലം, ചീനവലപ്പാലം, കെട്ടുവള്ളപ്പാലം എന്നിവയാണവ. രാത്രിയിൽ, മഴവില്ലിലെ ഏഴ് നിറങ്ങൾ വർണ്ണ വിസ്മയം തീർക്കുന്നതിനാലാണ് മഴവിൽപ്പാലം എന്ന പേര് വന്നത്. മറ്റ് രണ്ട് പാലങ്ങൾ പേര് സൂചിപ്പിക്കുന്നത് പോലെ അതാത് ആകൃതിയിലാണ്.

നിസാർക്ക പറഞ്ഞ പോലെ മറൈൻ ഡ്രൈവ് വള്ളം കളിയുടെ ആറാം സീസൺ മത്സരങ്ങളായിരുന്നു വേമ്പനാട്ട് കായലിൽ നടക്കുന്നത്. ആലപ്പുഴ അഷ്ടമുടിക്കായലിലെ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയിലെ രാജാക്കന്മാരായ ചമ്പക്കുളം ചുണ്ടനും കാരിച്ചാൽ ചുണ്ടനും കൈനകരിയും എല്ലാമാണ് ഇവിടെയും പങ്കെടുക്കുന്നത് എന്ന് മൈക്കിലൂടെയുള്ള അറിയിപ്പിൽ നിന്ന് മനസ്സിലായി. അതോടെ നിസാർക്ക പറഞ്ഞ പോലെ വള്ളം കളി കാണാം എന്ന് തോന്നി.

ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി ഹൈകോർട്ട് ജെട്ടിക്ക് അടുത്ത് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് വള്ളംകളി മത്സര ട്രാക്ക്. കൈനകരി ടീം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തിച്ചേർന്ന ഞാനും മോനും പങ്കായം ഒന്ന് കയ്യിലെടുത്തു നോക്കി. ഒരു ചുണ്ടൻ വള്ളത്തിൽ തൊണ്ണൂറ് പേർ വരെ ഉണ്ടാകും എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. 

Image

ഫിനിഷിംഗ് പോയിൻ്റിന് സമീപമുള്ള പവലിയനിൽ ഞങ്ങളും സ്ഥാനം പിടിച്ചു.  മത്സരം ആരംഭിച്ചതായി അനൗൺസ്മെൻ്റ് വന്നു. കൊട്ടും പാട്ടുമായി ഇഞ്ചോടിഞ്ച് പൊരുതിത്തുഴഞ്ഞ് വരുന്ന കാഴ്ച രോമാഞ്ചജനകമായിരുന്നു. അങ്ങനെ ജീവിതത്തിലാദ്യമായി കണ്ട വള്ളംകളി മത്സരം ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായി.

വൈകിട്ട് അഞ്ചര മണിക്ക് "സാഗരറാണി" യിൽ ഒരു ബോട്ടിംഗ് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. കുറഞ്ഞ റേറ്റിൽ മറ്റ് പല സ്വകാര്യ ബോട്ടുകാരും ഞങ്ങളുടെ പിന്നാലെ കൂടി ഓഫർ ചെയ്തു കൊണ്ടിരുന്നു. അവയിൽ പലതിനും കടലിലേക്ക് പോകാനുള്ള അനുമതി ഇല്ല എന്ന് പിന്നീടാണ് അറിഞ്ഞത്. റേറ്റ് കുറയുന്നതിന് ഒരു കാരണം അത് തന്നെയായിരുന്നു. രണ്ട് മണിക്കൂർ ബോട്ടിംഗ് കഴിഞ്ഞ് ഏഴരക്ക് ഞങ്ങൾ തിരിച്ചെത്തി. 

അന്ന് രാത്രി ഫോർട്ട് കൊച്ചിയിൽ പോകാൻ ശ്രമിച്ചെങ്കിലും വാട്ടർ മെട്രോയിൽ ടിക്കറ്റ് കിട്ടിയില്ല. അതും അനുഗ്രഹമായി എന്ന് രാത്രി കയറിയ ടാക്സി ഡ്രൈവർ പറഞ്ഞപ്പഴാണ് അറിഞ്ഞത്. രാത്രി ഞങ്ങൾ വീണ്ടും മറൈൻ ഡ്രൈവിൻ്റെ വൈബിൽ അലിഞ്ഞു ചേർന്നു. ആതിഥേയനായ ഖൈസും കുടുംബവും ഞങ്ങളെ കാണാനായി മറൈൻ ഡ്രൈവിൽ എത്തി. അര മണിക്കൂറിലധികം അവരുടെ കൂടെ ചെലവഴിച്ച ശേഷം ഞങ്ങൾ മറ്റൊരു സുഹൃത്തായ ജമാലിൻ്റെ ഫ്ലാറ്റിലേക്ക് പോയി. അവൻ്റെ സൽക്കാരവും കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ റൂമിൽ തിരിച്ചെത്തി.

(തുടരും...)

Sunday, January 25, 2026

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ

2023 ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആറാമത് എഡിഷനാണ് ഞാൻ കണ്ട ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നാണ് എൻ്റെ വിശ്വാസം.2016 ൽ തുടങ്ങിയ KLF കാണാൻ ഇത്രയും കാലം വൈകിയത് എന്തു കൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. ലിറ്ററേച്ചർ ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിഞ്ഞതും കേട്ടതും മക്കൾക്ക് അതിൽ താല്പര്യം തോന്നിയതും എല്ലാം 2023 ൽ ആയിപ്പോയി എന്നേ പറയാനുള്ളൂ.

ഡി.സി.ബുക്സിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെ നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റുകളിൽ ഒന്നാണ് ഇത്. കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുന്നതിന് ഒരു കാരണം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആതിഥേയ നഗരം എന്നതാണ്. ഓരോ കൊല്ലം കഴിയും തോറും സെഷനുകളുടെ വൈവിധ്യവും ജനങ്ങളുടെ പങ്കാളിത്തവും കാരണം ലിറ്ററേച്ചർ ഫെസ്റ്റിവൽ കൂടുതൽ കൂടുതൽ ആകർഷകമായി മാറിയിരുന്നു.

ഒമ്പതാമത് KLF വാർത്തകൾ വരുന്നതിന് മുമ്പ് തന്നെ അത് എക്പീരിയൻസ് ചെയ്യണം എന്ന് മനസ്സിൽ കരുതിയിരുന്നു. ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് കോളേജിലെ സഹപ്രവർത്തകനും നല്ലൊരു വായനക്കാരനുമായ സുമേഷിനോട് എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. പത്ത് മിനിട്ടിനകം തന്നെ പോകാൻ തീരുമാനിച്ചു കൊണ്ട് ഇറങ്ങുകയും ചെയ്തു. സാഹിത്യത്തിൽ താല്പര്യമുള്ള മറ്റൊരു സഹപ്രവർത്തകനായ ജനീഷിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹവും ഞങ്ങളുടെ കൂടെ കൂടി. ഗതാഗതത്തിരക്ക് കാരണം ടൗണിൽ നിന്നും നടന്നാണ് ഞങ്ങൾ ഫെസ്റ്റിവൽ വേദിയായ ബീച്ചിലേക്ക് പോയത്. തിരിച്ചു പോന്നപ്പോഴും ടൗൺ വരെ നടക്കേണ്ടി വന്നു.

വിവിധ വേദികളിൽ എത്തി നോക്കി അവസാനം ഞങ്ങൾ എത്തിയത് 'എഴുത്തോല'യിലാണ്. പ്രോഗ്രാം ഷെഡ്യൂൾ കയ്യിലില്ലാത്തതിനാലും വേദിയിലിരിക്കുന്നവരെ മുഖപരിചയം ഇല്ലാത്തതിനാലും ആയിരുന്നു ഈ എത്തിനോട്ടം മാത്രം നടത്തിയത്. ബിഗ് സ്ക്രീനിൽ ആ സെഷനിൽ പങ്കെടുക്കുന്നവരുടെ പേര് കൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള എത്തിനോട്ടക്കാർക്ക് ഉപകാരമാകുമായിരുന്നു എന്ന് തോന്നി.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണെങ്കിലും മിക്ക വേദികളിലും കേട്ടത് ഇംഗ്ലീഷ് ആയിരുന്നു.'എഴുത്തോല'യിലും സ്ഥിതി വ്യത്യസ്തമായില്ല. കറുത്ത് തടിച്ച് ഒരു ആഫ്രിക്കൻ ഛായയുള്ള ആളായിരുന്നു അതിഥി.ബെൻ ജോൺസൺ ആണെന്ന് തോന്നുന്നതായി സുമേഷും ബ്രയാൻ ലാറ ആണോ എന്ന് ജനീഷും സംശയം പ്രകടിപ്പിച്ചപ്പോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ഈ സ്പോർട്സ് ഇതിഹാസങ്ങൾക്ക് എന്ത് കാര്യം എന്നായിരുന്നു എൻ്റെ ചിന്ത. സംസാരത്തിൽ കാനഡയും സ്പോർട്സും ലോക റെക്കാർഡും എല്ലാം കടന്നു പോയപ്പോൾ സാക്ഷാൽ ബെൻ ജോൺസൺ ആണ് സ്റ്റേജിൽ ഇരിക്കുന്നത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. 

Image

ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സിയോൾ ഒളിമ്പിക്സിലാണ് നൂറ് മീറ്റർ ഓട്ട മത്സരത്തിൽ ബെൻ ജോൺസണിൻ്റെ ആ മാസ്മരിക പ്രകടനം ഉണ്ടായത്. ലോകത്താദ്യമായി ഒരു മനുഷ്യൻ 9.79 സെക്കൻ്റിൽ 100 മീറ്റർ ഫിനിഷ് ചെയ്തു. മുൻ ഒളിമ്പിക്സുകളിൽ തുടർച്ചയായി മെഡൽ നേടിയ കാൾ ലൂയിസിനെയായിരുന്നു പിന്തള്ളിയത്. പക്ഷേ, വിജയാരവം അധികം നീണ്ടു നിന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബെൻ ജോൺസൺ അയോഗ്യനാക്കപ്പെട്ടു. ഇത് സംബന്ധമായ ചോദ്യങ്ങൾ കാണികളിൽ ചിലർ ചോദിച്ചിരുന്നു. ഉത്തരം എനിക്ക് മനസ്സിലായില്ല. പിന്നീട് കൂടുതൽ സമയം ഞങ്ങൾ അവിടെ ഇരുന്നതുമില്ല.

Image

ഫെസ്റ്റിവൽ നഗരിയുടെ കാഴ്ചകളും ആരവങ്ങളും കാണാനായി ഞങ്ങൾ വീണ്ടും നടന്നു. പഴയ ചില സഹപ്രവർത്തകരെയും നാട്ടുകാരെയും മറ്റും അവിടെ കണ്ടുമുട്ടി. സാധാരണ ജനങ്ങൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകാത്ത ചർച്ചകളും സംവാദങ്ങളുമാണ് എല്ലാ വേദികളിലും നടക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ എന്ന പേര്  അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രൂപത്തിലായിരുന്നു ജന പ്രവാഹം. അടുത്ത ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് എടുത്ത് കൂടുതലായി അറിയണം അനുഭവിക്കണം എന്നൊരു തോന്നൽ ഈ വർഷത്ത ഫെസ്റ്റിവൽ സന്ദർശനത്തിലൂടെ ഉണ്ടായി എന്നതാണ് നേട്ടം.

Image


Friday, January 23, 2026

2025 - ഒരു പിൻ നോട്ടം

2025 ജനുവരി ഒന്ന് ഒരു വർക്കിംഗ് ഡേ ആയിരുന്നു. പല വർഷങ്ങളിലും ചെയ്യാറുള്ള പോലെ ഞാൻ അന്ന് ലീവാക്കി. മുൻ സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇത്തവണ ലീവെടുത്തത്. 2025 ലെ അവസാന പ്രവൃത്തി ദിവസമായ ഡിസംബർ മുപ്പത്തി ഒന്നിനും ലീവെടുത്ത് കൊണ്ട് ഞാൻ ഈ കലണ്ടർ വർഷത്തിലെ ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടു.

അങ്ങനെ ഒരു വർഷം കൂടി ജീവിത പുസ്തകത്തിൽ നിന്ന് അടർന്ന് പോയി. പുതുവർഷം നൽകിയ പ്രതീക്ഷകളും സ്വപ്നങ്ങളും എത്രത്തോളം സഫലമായി എന്നതും പ്രതീക്ഷക്കപ്പുറം എന്തെല്ലാം സംഭവിച്ചു എന്നതും തിരിഞ്ഞു നോക്കുന്നത് പുതിയ വർഷത്തിന് ദിശാബോധം നൽകാൻ ഉപകരിക്കും എന്നാണ് എൻ്റെ അനുഭവം. കഴിഞ്ഞ വർഷത്തിലേക്കുള്ള ഒരു പിൻ തിരിഞ്ഞ് നോട്ടമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്.

യാത്രകളുടെ വർഷമായിരുന്നു എനിക്ക് 2025. ഫാമിലി യാത്രകളും കൂട്ടുകാരുടെ കൂടെയുള്ള യാത്രകളും സഹപ്രവർത്തകരുടെ കൂടെയുള്ള യാത്രകളും വിദ്യാർത്ഥികളുടെ കൂടെയുള്ള യാത്രകളും കൊണ്ട് സമ്പന്നമായിരുന്നു പോയ വർഷം. ഒരു വർഷത്തിൽ രണ്ട് തവണ കാശ്മീരിൽ പോയതടക്കം മൂന്ന് തവണ ഡൽഹിയിൽ പോയി എന്നത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

ഈ വർഷം ഹജ്ജ് യാത്രക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും വെയിറ്റിംഗ് ലിസ്റ്റിൽ ഏറെ പിന്നിലാണ്.പോയ വർഷത്തെ യാത്രകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1. 1921 പൈതൃക യാത്ര - ഫാമിലി
2. ജാനകിക്കാട് - ഫാമിലി
3. മറൈൻ വേൾഡ്, ചാവക്കാട് - ഫാമിലി
4. കൊടുങ്ങല്ലൂർ - സഹപ്രവർത്തകർ
5. സബർമതി ജയ്സാൽമീർ കാശ്മീർ ഡൽഹി - വിദ്യാർത്ഥികളുടെ കൂടെ സ്റ്റഡി ടൂർ
6. ഡൽഹി മണാലി - ഫാമിലി
7. നൂർ ലേക്ക് - സോളോ
8. കക്കാടംപൊയിൽ - SSC സഹപാഠികൾ
9. കാശ്മീർ ഡൽഹി - SSC സഹപാഠികൾ
10. പ്ലാനറ്റേറിയം - ഫാമിലി
11. അട്ടപ്പാടി - ഫാമിലി
12. കൊച്ചി - ഫാമിലി

യാത്രകൾ പോലെ, എൻ്റെ മറ്റൊരു ഹോബി വായനയാണ്.ആറ് ഇംഗ്ലീഷ് പുസ്തകങ്ങൾ അടക്കം അറുപത് പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ വായനാ ലക്ഷ്യം. അത് സാക്ഷാൽക്കരിക്കാൻ സാധിച്ചു. അറുപത് പുസ്തകങ്ങളിലെ 7040 പേജുകളിൽ കൂടി ഞാൻ കടന്നു പോയി. ഈ വർഷവും ലക്ഷ്യത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല.കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1. Sapiens - A brief history of humankind -  Yuval Noah Harari
2. സാപിയൻസ് - മനുഷ്യകുലത്തിൻ്റെ ലഘുചരിത്രം - യുവാൽ നോവാ ഹരാരി 
3. അപൂർവങ്ങളിൽ അപൂർവം - അഡ്വ എ നസീറ  
4. എല്ലാവരും പ്രിയപ്പെട്ടവർ - രാധാകൃഷ്ണൻ കാര്യക്കുളം
5. Akbar Birbal Stories - Reshmi Jaiswal 
6. ഇതര മതസ്ഥരോടുള്ള സമീപനം - Dr. റാഗിബ് സർജാനി 
7. ഓഷ്യാനയിലെ ഗംട്രീ - അനിൽ കോനാട്ട് 
8. ജലസ്പർശം  - ഔസേപ്പ് ചിറ്റക്കാട് 
 9. പാതിരാ സൂര്യന്റെ നാട്ടിൽ - S K പൊറ്റക്കാട്ട്  
10. സോനാമാർഗ്ഗിലെ ചെമ്മരിയാടുകൾ - എസ്. സരോജം
11. വേരുകൾക്കിടയിലൂടെ  (കവിതകൾ) - ഔസേഫ് ചിറ്റക്കാട് 
12. മഷി പടർന്ന ചൂണ്ടുവിരൽ - രാജൻ താന്നിക്കൽ
13. അടിമ പറഞ്ഞത് - ഔസേഫ് ചിറ്റക്കാട്  
14. വാനപ്രസ്ഥം - M T വാസുദേവൻ നായർ
15. വടക്കൻ കാറ്റിൻ്റെ സമ്മാനങ്ങൾ - ബി.മുരളി
16. തൂക്കുമരത്തിൻ്റെ തണലിൽ - മുഹമ്മദ്   ജാഫർ താനേശ്വരി 
17. റെയിൽവെ കുട്ടികൾ -  ഈഡിത്ത് നെസ്ബിറ്റ്
18.  സിന്ദ് ബാദിൻ്റെ സാഹസിക യാത്രകൾ - അബ്ദുല്ല പേരാമ്പ്ര 
19. വെനീസിലെ വ്യാപാരി - ബീന ജോർജ്ജ്  
20. വേരിറക്കം (കവിതകൾ ) - ഔസേഫ് ചിറ്റക്കാട് 
21. താഴ്ന്നു പറക്കാത്ത പക്ഷി (കവിതകൾ) - വിഷ്ണു പ്രിയ പൂഞ്ഞാർ 
22. അമ്പിളി അമ്മാവൻ്റെ വീട്ടിലേക്ക് - ചുനക്കര ഗോപാലകൃഷ്ണൻ
23. റിപ് വാൻ വിങ്കിൾ മറ്റു കഥകളും - വാഷിംഗ്ടൺ ഇർവിങ്ങ് 
24. ഈശ്വരാ വഴക്കില്ലല്ലോ - സലീം കുമാർ
25. പടച്ചോൻ്റെ ചിത്ര പ്രദർശനം - P ജിംഷാർ
26. അരയാൽ ദൈവവും ഏഴ് ദൂതന്മാരും - ഔസേഫ് ചിറ്റക്കാട്
27. മുഖംമൂടികൾ - ഉറൂബ് 
28. മാനസ - ജി.രമണി അമ്മാൾ
29. ഒറ്റയ്ക്കൊരു മഴ നനഞ്ഞ യാത്ര - അത്തീഫ് കാളികാവ്
30. സ്വർഗ്ഗവാതിൽ പക്ഷി - മാത്യുമറ്റം
31. ഖുർആൻ കഥകൾ - അബൂസലീം അബ്ദുൽ ഹയ്യ്
32. വേഷം മാറി വന്ന ഖലീഫ ഉമറും മറ്റു ഗുണപാഠ കഥകളും - ശംസുദ്ദീൻ
33. തിരുവാഭരണങ്ങൾ - ഔസേഫ് ചിറ്റക്കാട്
34. 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ - പി സുരേന്ദ്രൻ
35. കുട്ടിക്കളികൾ - സനിൽ പി തോമസ്
36. ഇസ്ലാമിലെ മാതൃകാ വനിതകൾ - അബൂബക്കർ നദ്‌വി
37. എന്ത്? എന്തുകൊണ്ട്? എങ്ങനെ? കഥകളിലൂടെ - അബ്ദുൽ ജബ്ബാർ
38. മുൾത്താനിലെ കള്ളൻ - അശ്റഫ് കീഴുപറമ്പ്
39. ആപ്പിൾക്കുട്ടനും കാട്ടാനക്കൂട്ടവും - സിപ്പി പള്ളിപ്പുറം
40. ഉണക്കപ്പുട്ടും തേങ്ങാപ്പീരയും - അനീഷ് സോമൻ
41. മഴ നനഞ്ഞ് രണ്ടു പേർ -  M A സുഹൈൽ  
42. സ്വാതന്ത്ര്യ സമരം നഷ്ടപ്പെട്ട താളുകൾ - 
43. അഞ്ചു നേരത്തെ നമസ്കാരം ഖുർആനിൽ - C N അഹ്മദ് മൗലവി
44. നക്ഷത്രങ്ങളില്ലാത്ത രാത്രി - അജയകുമാർ ജി
45. ഹിരോഷിമയും നാഗസാക്കിയും - P P ഷിബു 
46. സൈമൺ കമ്മീഷനും ഭഗത് സിംഗിൻ്റെ രക്തസാക്ഷിത്വവും - K തായാട്ട് 
47. രാക്ഷസൻ്റെ ചിരി - തിക്കോടിയൻ 
48. മൂക്കില്ലാ രാജ്യത്ത് - C P സുഹ്റ
49. ഹജ്ജ് യാത്രയിലെ സുകൃതപ്പൂക്കൾ - അബ്ദു ചെറുവാടി
50. ഞങ്ങളുടെ പ്രിയപ്പെട്ട കഥകൾ - അബു ഇരിങ്ങാട്ടിരി
51. Elven Minutes - Paulo Coelho
52. ബിലാലുബ്നു റബാഹ് - ശൈഖ് മുഹമ്മദ് കാരക്കുന്ന് 
53. കൽക്കണ്ടക്കഥകൾ - മനു പ്രതാപ്
54. കൂമ്പെടുക്കുന്ന മണ്ണ് - ഉറൂബ്
55. Aesop's Fables - Resmi Jaiswal
56. കുഞ്ഞിക്കൂനൻ - പി നരേന്ദ്രനാഥ്
57. When Breath becomes Air - Paul Kalanithi  
58. ലോകസുന്ദരൻ - ടി.കെ. ഉബൈദ്
59. Best of Tenali Raman - Syam Dua
60. ഉടൽവഴികൾ - ഗ്രേസി

പുസ്തകത്തെപ്പറ്റിയുള്ള എന്റെ വായനാനുഭവം സാധാരണ എഴുതാറുണ്ട്. ഇത്തവണ ചിലത് മാത്രമേ എഴുതിയിട്ടുള്ളൂ. അവ ആ പുസ്തകങ്ങളുടെ പേരിൽ ക്ലിക്ക് ചെയ്താൽ വായിക്കാം.

ഔദ്യോഗിക ജീവിതത്തിലെ ഈ വർഷത്തെ മറ്റൊരു നാഴികക്കല്ലായിരുന്നു അടിസ്ഥാന ശമ്പള വർദ്ധനവ്. 2004 ൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സർവ്വീസിൽ പ്രവേശിക്കുമ്പോൾ 2275 രൂപ ആയിരുന്നു എൻ്റെ അടിസ്ഥാന ശമ്പളം. സ്വർണ്ണം പവന് 3000 രൂപയും. ഈ വർഷം എൻ്റെ അടിസ്ഥാന ശമ്പളം ഒരു ലക്ഷം കടന്നു. സ്വർണ്ണവിലയും ഒരു ലക്ഷം കടന്നതിനാൽ വർദ്ധന സ്വാഭാവികം മാത്രം എന്ന് കരുതുന്നു.

യാത്രയ്ക്കും വായനക്കും ഒപ്പം അടുക്കള പച്ചക്കറി കൃഷിയും ഹോബിയായി തുടരുന്നു. ബട്ട്, ഈ വർഷം വിള വളരെ കുറഞ്ഞു. വീട്ടാവശ്യത്തിന് അല്പമെങ്കിലും കിട്ടിയത് കോവലും വഴുതനയും പയറും മാത്രമാണ്.  ഫലവർഗ്ഗങ്ങളിൽ മാങ്ങ നന്നായി ഉണ്ടായി. വിയറ്റ്നാം ഏർളി പ്ലാവിൽ നിന്ന് നാൽപത്തിയെട്ട് ചക്കകളും കിട്ടി.

ഞാൻ കാറോടിക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് ഇരുപത് വർഷമായി. ഇപ്പോഴും ഡ്രൈവിംഗിൻ്റെ പല ഗുട്ടൻസുകളും എനിക്ക് പിടിയില്ല. പുതിയ ഹൈവേകളിൽ പാലിക്കേണ്ട വേഗതാരീതികളെപ്പറ്റിയും ധാരണയില്ല. എങ്കിലും ജീവിതത്തിലാദ്യമായി മണിക്കൂറിൽ 110 കിലോമീറ്റർ (110 km/hr) എന്ന വേഗതയിൽ ഞാൻ കാർ ഡ്രൈവ് ചെയ്തു.

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നാല് മക്കളും അവരുടെതായ മുദ്രകൾ പതിപ്പിച്ച ഒരു വർഷമാണ് കടന്ന് പോയത്. മൂത്ത മകൾ വിവാഹ ശേഷം, ഒരു സർക്കാർ ജോലി എന്ന ലക്ഷ്യത്തോടെ കഠിന പ്രയത്നത്തിലാണ്. ബി.എഡ് പഠനം പൂർത്തിയാക്കി, സ്കൂൾ അദ്ധ്യാപക യോഗ്യത പരീക്ഷയായ SET,കെ.ടെറ്റ് കാറ്റഗറി രണ്ട്, മൂന്ന് എന്നിവ പാസ്സായി. രണ്ടാമത്തെ മകൾ ലുഅ ആദ്യമായി അവളുടെ പഠന വിഷയവുമായി ബന്ധപ്പെട്ട ഒരു ഇൻ്റർനാഷനൽ കോൺഫറൻസിൽ പങ്കെടുത്തു. മൂന്നാമത്തെ മകൾ ലൂന ജില്ലാ സാമൂഹ്യ ശാസ്ത്ര മേള വർക്കിംഗ് മോഡൽ വിഭാഗത്തിൽ എ ഗ്രേഡ് നേടി.നാലാമത്തെ മകൻ ലിദു അലിഫ് അറബിക് ക്വിസ് മത്സരത്തിലും സ്കൂൾ അറബിക് കലോത്സവ  ക്വിസ് മത്സരത്തിലും സബ്ജില്ലാ തലത്തിൽ മത്സരിച്ച് എ ഗ്രേഡ് നേടി.കൂടാതെ ബാലഭൂമിയിലെ വിവിധ മത്സരങ്ങളിലും അവന് സമ്മാനം കിട്ടി.

കഴിഞ്ഞ വർഷം നീന്തൽ പരിശീലിപ്പിച്ച പോലെ 2025ലെ വേനലവധി ഫലപ്രദമായി ഉപയോഗിക്കാൻ മക്കൾക്കായി ഞാൻ കണ്ടെത്തിയത് കോഴിക്കോട് ഹരിതം ബുക്സിൻ്റെ റീഡിംഗ് ചലഞ്ച് മത്സരമായിരുന്നു. ലിദുവും ലൂനയും രണ്ട് മാസം കൊണ്ട് ഇരുപത് പുസ്തകങ്ങൾ വീതം വായിക്കാൻ ചലഞ്ച് ചെയ്തു. ലൂന മോൾ കൃത്യം എണ്ണം തികച്ചപ്പോൾ ലിദു മോൻ ഞങ്ങളെ എല്ലാവരെയും ഞെട്ടിപ്പിച്ചു. അവൻ നൂറ് പുസ്തകങ്ങൾ വായിച്ച് മുഴുവനാക്കി. രണ്ട് പേർക്കും പുസ്തകങ്ങളും സർട്ടിഫിക്കറ്റും സമ്മാനമായി കിട്ടി. പത്രത്തിൽ ഫോട്ടോയും വാർത്തയും വന്നതോടെ സ്കൂളിലും കുടുംബത്തിലും ലിദു മോൻ താരമായി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം,ബ്ലോഗ്,വ്ലോഗ് തുടങ്ങീ സാമൂഹ്യ മാധ്യമങ്ങളിൽ ഈ വർഷവും ഞാൻ വളരെ സജീവമായിരുന്നു. പലരും ഫേസ്ബുക്കിൽ എന്നും കാണുന്നതായും സൂചിപ്പിച്ചു. റീൽസ് ,സ്റ്റോറി, പോസ്റ്റുകൾ, ഗ്രൂപ്പ് പോസ്റ്റുകൾ തുടങ്ങീ എല്ലാ രീതിയിലും എഫ് ബി യിൽ സാന്നിദ്ധ്യം നിലനിർത്താൻ സാധിച്ചു.കഴിഞ്ഞ വർഷങ്ങളിലെപ്പോലെ ഈ വർഷവും ബ്ലോഗിൽ നൂറ് പോസ്റ്റ് തികച്ചു. .വ്ലോഗിൽ സബ്സ്ക്രൈബർമാരുടെ എണ്ണം അര ലക്ഷം കടന്നു.പുതിയ വർഷത്തിൽ ഇത് അറുപതിനായിരം ആയി ഉയർത്തണം എന്നാഗ്രഹിക്കുന്നു.ടെലഗ്രാം ഉപയോഗം കുറവായതിനാൽ ഫോളോവേഴ്സിൻ്റെ എണ്ണം താഴോട്ട് പോന്നു.

ഏതാനും ചില സാഹിത്യ മത്സരങ്ങളിൽ മാത്രമാണ് ഇത്തവണ ഞാൻ പങ്കെടുത്തത്. അവയിൽ പേരക്ക ബുക്സിൻ്റെ കുറുങ്കഥാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടാനായത് മാത്രമാണ് നേട്ടം. ഈ വർഷം പുതിയ ഒരു പുസ്തകം പ്രസിദ്ധീകരിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. ഭാര്യ കൗൺസലിംഗ് കോഴ്സ് ഡിപ്ലോമ പൂർത്തിയാക്കി ആ രംഗത്തേക്ക് പതിയെ പ്രവേശിച്ചു കൊണ്ടിരിക്കുന്നു.

2025 ജനുവരി ഒന്നിന് എൻ്റെ സഹപ്രവർത്തകരിൽ ഒരു വിഭാഗം എൻ്റെ വീട്ടിൽ ഒരു സൗഹൃദ സന്ദർശനം നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ഈ വർഷം നിരവധി അങ്ങോട്ടുമിങ്ങോട്ടുമുള്ള സുഹൃദ് സന്ദർശനങ്ങൾ നടന്നു. രാജസ്ഥാൻ സ്വദേശി അമീനും കുടുംബവും എൻ്റെ വീട്ടിൽ വന്നതും ഞാനും സഹപാഠികളും കാശ്മീരിലെ എൻ്റെ സുഹൃത്തിൻ്റെ വീട്ടിൽ പോയതും ഈ വർഷത്തെ മറക്കാനാവാത്ത അനുഭവങ്ങളാണ്.

കഴിഞ്ഞു പോയതിനെപ്പറ്റി ചിന്തിക്കരുത് എന്ന് പലരും പറയാറുണ്ട്. ചിന്തിക്കാം, പക്ഷേ അതിൻ്റെ പേരിൽ ദുഃഖിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. വിലയിരുത്തലുകൾ മുന്നോടുള്ള പ്രയാണത്തിന് കൂടുതൽ ലക്ഷ്യബോധം നൽകും എന്നാണ് എൻ്റെ വിശ്വാസം. പുതിയ വർഷവും സുഖ ദുഃഖ സമ്മിശ്രമായി മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാവർക്കും പുതുവത്സരാശംസകൾ.

Tuesday, January 20, 2026

റെയിൽ വാട്ടർ മെട്രോ യാത്രകൾ

എറണാകുളം ജില്ലയിലെ താമസക്കാരോ ജോലിക്കാരോ അല്ലാത്ത മലയാളികൾ കയറിയ മെട്രോ ഏതെന്ന് ചോദിച്ചാൽ പലരുടെയും ഉത്തരം ഡൽഹി മെട്രോ എന്നായിരിക്കും. ഞാൻ ആദ്യമായി മെട്രോയിൽ കയറി യാത്ര ചെയ്യുന്നത് 2012 ൽ ഡൽഹിയിൽ വെച്ചാണ്. കൊച്ചിൻ മെട്രോയിലും, ഉദ്ഘാടനം കഴിഞ്ഞ് പതിനഞ്ചാം ദിവസം യാത്ര ചെയ്തു. ബാംഗ്ലൂർ മെട്രോയിലും ജയ്പൂർ മെട്രോയിലും യാത്ര ചെയ്ത് പല പല മെട്രോകളുടെയും കിതപ്പും കുതിപ്പും അറിഞ്ഞു.

2017-ൽ കൊച്ചി മെട്രോയിലെ എൻ്റെ കന്നിയാത്ര കഴിഞ്ഞപ്പോൾ, കുടുംബത്തെയും അതൊന്ന് കാണിക്കണം എന്ന് തോന്നിയിരുന്നു. മേൽ സൂചിപ്പിച്ച എല്ലാ മെട്രോയും കണ്ട അവർക്ക്, ഇതിൽ ഒരു പുതുമ തോന്നില്ല എങ്കിലും സ്വന്തം നാട്ടിലെ മെട്രോ ഇതു വരെ കണ്ടിട്ടില്ല എന്ന നാണക്കേട്    വേണ്ട എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. പക്ഷേ, നീണ്ട എട്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് അതിന് അവസരം കിട്ടിയത്.

ആറാമത് കൊച്ചി - മുസ്രിസ് ബിനാലെ കാണാൻ തയ്യാറെടുക്കുമ്പോൾ തന്നെ കൊച്ചി മെട്രോയിലും, 2023 ഏപ്രിലിൽ ഉദ്ഘാടനം കഴിഞ്ഞ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോയിലും കയറണം എന്ന് ഞാൻ പദ്ധതി ഇട്ടിരുന്നു. ഇതിനായി നാട്ടിൽ നിന്നും കുടുംബ സമേതം കെ.എസ്.ആർ.ടി.സി ബസ്സിൽ ഞാൻ ആലുവയിലെത്തി. വർഷങ്ങൾക്ക് ശേഷമാണ് കുടുംബമായി അങ്ങനെ ഒരു ബസ് യാത്രയും ചെയ്യുന്നത്.

ഞങ്ങളുടെ ആതിഥേയനായ ഖൈസ് ഞങ്ങൾക്കായി റൂം ബുക്ക് ചെയ്തത് മറൈൻ ഡ്രൈവിലെ  ആസ്ട്രോ മറൈനിൽ ആയിരുന്നു. അതിനാൽ കൊച്ചിൻ മെട്രോയിലെ എൻ്റെ കുടുംബത്തിൻ്റെ കന്നിയാത്ര ആലുവയിൽ നിന്ന് മറൈൻ ഡ്രൈവിൻ്റെ തൊട്ടടുത്ത മെട്രോ സ്റ്റേഷനായ മഹാരാജാസ് കോളേജ് വരെയായി. ഒരാൾക്ക് അമ്പത് രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. സഞ്ചരിച്ച ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹി മെട്രോയിൽ അതേ റേറ്റിൽ സഞ്ചരിക്കാവുന്ന ദൂരത്തിൽ നിന്നും തുലോം കുറവായി തോന്നി.

Image

അന്ന് രാത്രി തന്നെ ഫോർട്ട് കൊച്ചിയിലേക്ക് വാട്ടർ മെട്രോയിൽ പോകാൻ തീരുമാനിച്ചു കൊണ്ട് ടിക്കറ്റിനായി ക്യൂ നിന്നെങ്കിലും അത് കിട്ടിയില്ല. അതിനാൽ പിറ്റേ ദിവസമാണ് വാട്ടർ മെട്രോയിൽ കയറിയത്. ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് അമ്പത് രൂപ തന്നെയായിരുന്നു ഒരാൾക്ക് ചാർജ്ജ് (കെ.എസ്.ഡബ്ലി.ടി.സിയുടെ സാധാരണ ബോട്ടിൽ ഒരാൾക്ക് ആറ് രൂപയായിരുന്നു ഇതേ റൂട്ടിലെ ചാർജ്ജ്). ശിതീകരിച്ച ബോട്ടിൽ നിന്നും ഇരുന്നും യാത്ര ചെയ്യാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം തൊണ്ണൂറ്റി ആറ് ആണ്.

Image

വാട്ടർ മെട്രോ എന്ന് ആദ്യമായി കേട്ടപ്പോൾ വലിയൊരു ആകാംക്ഷയുണ്ടായിരുന്നു. അതിലൊന്ന് സഞ്ചരിക്കണം എന്ന ആഗ്രഹവും ഉടൻ മുളപൊട്ടി. പക്ഷേ, യാത്ര ചെയ്ത് കഴിഞ്ഞപ്പോഴാണ് ആ യാത്രക്ക് പ്രത്യേകിച്ച് ഒരു ത്രില്ലും ഇല്ല എന്ന് തിരിച്ചറിഞ്ഞത്. സാദാ ബോട്ടിലെ യാത്ര ഇതിലും  രസകരം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും കാഴ്ചകൾ കണ്ട ശേഷം മട്ടാഞ്ചേരിയിൽ നിന്നാണ് ഞങ്ങൾ തിരിച്ച് ഹൈക്കോർട്ട് ടെർമിനലിലേക്ക് വാട്ടർ മെട്രോയിൽ കയറിയത്. ചാർജ്ജിൽ മാറ്റമൊന്നുമുണ്ടായിരുന്നില്ല. ഹൈക്കോർട്ട് ടെർമിനലിൽ, അറ്റം കാണാൻ പോലും കഴിയാത്ത വിധം വാട്ടർ മെട്രോയിൽ കയറാനുള്ളവരുടെ നിര നീണ്ടു കിടക്കുന്നുണ്ടായിരുന്നു - ന്യൂ ഇയർ ആഘോഷത്തിനായി ഫോർട്ട് കൊച്ചിയിലേക്ക് പോകാനുള്ള തിരക്ക് . അവരെ നിലക്ക് നിർത്താനുള്ള പോലീസും കൂടി ആകുമ്പോൾ ഫോർട്ട് കൊച്ചിയിൽ കാല് കുത്താൻ പോലും സ്ഥലം കിട്ടില്ല എന്നുറപ്പായിരുന്നു.അതിന് മുമ്പേ കര പറ്റാൻ കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ കൊച്ചി വിട്ടു.

Image


Thursday, January 15, 2026

പുതുക്കം

2024 ആഗസ്റ്റ് 15 ന് ആയിരുന്നു എൻ്റെ മൂത്ത മകൾ ലുലുവിൻ്റെ വിവാഹം. ബന്ധുക്കളും അയൽവാസികളുമായി ഇരുപത്തിയഞ്ചോളം പേരാണ് എൻ്റെ ഭാഗത്ത് നിന്ന് അതിൽ പങ്കെടുത്തത്. വരൻ്റെ നാട്ടിലെ പള്ളിയിൽ വെച്ച് നടന്ന നിക്കാഹ് കർമ്മത്തിൽ അവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശേഷം സെപ്തംബർ 21 ന്  രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ട് എൻ്റെ നാട്ടിൽ ഞാൻ വിവാഹ സദ്യയും നടത്തി.

വരൻ്റെ വീട്ടുകാർക്കും ബന്ധുമിത്രാദികളെ ക്ഷണിച്ച് കൊണ്ടുള്ള ഒരു വിവാഹ വിരുന്ന് നടത്തണമെന്നും,  വധുവിനെ വരൻ്റെ വീട്ടിലേക്ക് കൊണ്ടുപോകുന്ന "പുതുക്കം" എന്ന് ഞങ്ങൾ വിളിക്കുന്ന പരിപാടി അന്ന് മതി എന്നും ഞങ്ങൾ രണ്ട് കക്ഷികളും ധാരണയിൽ എത്തിയിരുന്നു. അതിനാൽ നിക്കാഹും വിവാഹ സൽക്കാരവും കഴിഞ്ഞിട്ടും മോൾ എൻ്റെ വീട്ടിൽ തന്നെ തുടർന്നു. കുടുംബത്തിലെ മിക്ക പരിപാടികൾക്കുമായി മരുമകൻ വരികയും ചില ദിവസങ്ങളിൽ വീട്ടിൽ താമസിക്കുകയും ചെയ്യും.

മകളെ വരൻ്റെ വീട്ടിലേക്ക് കൊണ്ടു പോയിട്ടില്ല എന്ന് അടുത്ത ബന്ധുക്കൾക്കും അയൽവാസികൾക്കും മാത്രമേ അറിവുണ്ടായിരുനുള്ളൂ. അതിനാൽ തന്നെ പരസ്പരം ഫോൺ ചെയ്യുമ്പോഴും നേരിട്ട് കണ്ടുമുട്ടുമ്പോഴും പലരും മകളുടെ വിശേഷങ്ങൾ തിരക്കുമായിരുന്നു. അവൾ എൻ്റെ വീട്ടിൽ ഞങ്ങളുടെ കൂടെ തന്നെയുണ്ട് എന്ന് ഞാൻ പറയുമ്പോൾ പലർക്കും പല ചിന്തകളും തെറ്റിദ്ധാരണകളും ഉയരുന്നുണ്ടായിരുന്നു. അതിനാൽ തന്നെ "പുതുക്കം" എത്രയും പെട്ടെന്ന് നടത്തൽ അനിവാര്യമായിരുന്നു.

അനാഥമായ ഒരു ബാല്യത്തിലൂടെ കടന്നു വന്നവനാണ് എൻ്റെ മരുമകൻ. ഉമ്മയും അവനും മാത്രമടങ്ങുന്ന കുടുംബം അമ്മാവൻ്റെ നിയന്ത്രണത്തിലാണ് കഴിഞ്ഞിരുന്നത്. പുതുതായി ഒരു ചെറിയ വീട് പണിത് താമസം തുടങ്ങിയെങ്കിലും  മറ്റു നിരവധി മരാമത്ത് പണികൾ ബാക്കിയുണ്ടായിരുന്നു. അത് മുഴുവനാക്കാൻ കൂടിയായിരുന്നു പുതുക്കം ഇത്രയും വൈകിപ്പിച്ചത്.

ദൈവത്തിന് സ്തുതി,വിവാഹ ചടങ്ങുകൾ പോലെ തന്നെ പ്രസ്തുത പുതുക്കം പോകൽ ചടങ്ങും ജനുവരി 11 ന് ഭംഗിയായി കഴിഞ്ഞു. ഇനി വിളിക്കുന്നവർ മോളെപ്പറ്റി ചോദിച്ചാൽ എനിക്ക് പറയാം , അവൾ ഭർത്താവിൻ്റെ വീട്ടിലാണ്.

Image